പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം ∙ മേലെ പഴവങ്ങാടിയിൽ വഴിയോരത്ത് കാറ്ററിങ് തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ കരുണാകരൻ നായരുടെ മകൻ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സർവീസിലെ ജീവനക്കാരനും തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയുമായ കേശവനാണ് (52) കൊല്ലപ്പെട്ടത്. 2022 മാർച്ച് 9ന് രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മേലെ പഴവങ്ങാടി രാജൻ വാച്ച് ഹൗസിനു മുന്നിലെ നടപ്പാതയിൽ വച്ച് ഗിരീഷ് കുമാർ കേശവനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കേശവനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 13ന് മരിച്ചു.

സമീപത്തെ വ്യാപാരസ്ഥാപനത്തിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. 26 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 36 രേഖകളും കോടതിയിൽ തെളിവായി ഹാജരാക്കി. തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എ. സനോജ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *