കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: ഒന്നാം പ്രതി ശ്രീരാജ് പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനൽ, പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ട്’: നിർണായക വെളിപ്പെടുത്തലുമായി പോലീസ്

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനലാണെന്ന് പോലീസ്. ഏറെ നാളായി ഇയാൾ ഇത്തരം കുറ്റകൃത്യങ്ങൾ തുടർന്നു വരികയായിരുന്നുവെന്നും, കേസിൽ പിടിയിലായ ശരണ്യ പോലും ശ്രീരാജിന്റെ കെണിയിൽ വീണ ഇരയാണെന്ന് സംശയിക്കുന്നതായും എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി. പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ സംഘടിതമായി കുടുക്കിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

വളരെ ആസൂത്രിതമായാണ് ഈ കുറ്റകൃത്യങ്ങൾ നടപ്പിലാക്കിയിട്ടുള്ളത് എന്ന് എസിപി വിശദീകരിച്ചു. നിരാലംബരും പാവപ്പെട്ടതുമായ പെൺകുട്ടികളാണ് ഇവരുടെ കെണിയിൽ ചെന്നുപെടുന്നത്. ശ്രീരാജിനെക്കുറിച്ച് അന്വേഷിച്ചതിൽ കൊച്ചിയിലെ പല സ്പാകളിലേക്കും സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

പോലീസുകാർ തങ്ങളുടെ സുഹൃത്തുക്കളാണെന്നും ഗുണ്ടാസംഘങ്ങൾ ഒപ്പമുണ്ടെന്നും പറഞ്ഞ് പെൺകുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതാണ് പ്രതികളുടെ രീതി. ഈ ഭീഷണിപ്പെടുത്തലുകൾ കാരണം ഭയന്ന് പിന്നീട് ഇവർക്കെതിരെ സംസാരിക്കാൻ സ്ത്രീകൾ തയ്യാറാകാറില്ല. സ്പാകളിൽ ചൂഷണത്തിന് ഇരയായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തുമെന്നും അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എസിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *