കൊച്ചി: വിവാഹേതര ബന്ധത്തിലോ ലിവിങ് ടുഗെതർ (Living Together) പങ്കാളിത്തത്തിലോ ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയാൽ അത് തിരുത്തി നൽകണമെന്ന് ഹൈക്കോടതി. രക്ഷാധികാരിയെന്ന (പാരൻസ് പാട്രേയ) അധികാരം വിനിയോഗിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് വിധി. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ജനന രജിസ്റ്ററിൽ തിരുത്തൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
കുട്ടിയുടെ പിതാവ് ആരെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെങ്കിൽ ഡി.എൻ.എ. പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ വേണമെന്ന് നിർബന്ധം പിടിക്കരുതെന്ന് കോടതി വ്യക്തമാക്കി. നിയമത്തിലോ ചട്ടങ്ങളിലോ വ്യക്തതയില്ലാത്ത സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, 30 ദിവസത്തിനകം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്തി പുതിയത് നൽകാൻ കൊച്ചി കോർപ്പറേഷനോട് നിർദേശിച്ചു. നിലവിലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കേസിന്റെ പശ്ചാത്തലം:
2007-ൽ വിവാഹിതയായ യുവതി 2021-ൽ നിയമപരമായി വേർപിരിഞ്ഞിരുന്നു. തുടർന്ന് മറ്റൊരു വ്യക്തിയുമായി ലിവിങ് ടുഗെതർ ബന്ധത്തിൽ കഴിയവെ ഫെബ്രുവരിയിൽ പെൺകുഞ്ഞ് ജനിച്ചു. എന്നാൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ യുവതിയുടെ ആദ്യ ഭർത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത് തിരുത്താൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കൊച്ചി കോർപ്പറേഷൻ അപേക്ഷ നിരസിച്ചതോടെയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് മുൻ ഭർത്താവിന് കോടതി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം കൈപ്പറ്റുകയോ എതിർപ്പ് ഉന്നയിക്കുകയോ ചെയ്തിരുന്നില്ല.
കുട്ടികൾക്ക് പ്രയാസങ്ങൾ വരുമ്പോൾ സഹായവുമായി കോടതിയും ഒപ്പമുണ്ടെന്ന സന്ദേശം നൽകാൻ കുമാരനാശാന്റെ ‘പരിക്കേറ്റ കുട്ടി’ എന്ന കവിതയിലെ വരികൾ ഉദ്ധരിച്ച കോടതി, ‘പാരൻസ് പാട്രേയ’ തത്വം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.

