തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. വിതരണം മുടങ്ങിയ മരുന്നുകളുടെ റീ-ടെൻഡർ നടപടികൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) അംഗീകാരം നൽകി. നടപടികൾ വൈകിക്കുന്നതിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ ധാരണയായത്.

പുതിയ സ്റ്റോക്കിനായുള്ള പർച്ചേസ് ഓർഡറുകൾ നൽകുന്നതിൽ വന്ന വീഴ്ചയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്. ഇതിൽ ആവശ്യത്തിന് വിതരണക്കാരില്ലാത്ത മരുന്നുകൾക്കാണ് റീ-ടെൻഡർ വിളിച്ചത്.

എന്നാൽ, റീ-ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിൽ കെ.എം.എസ്.സി.എൽ. വരുത്തിയ വീഴ്ച വൻ വിവാദങ്ങൾക്കും പൊതുജന പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കങ്ങൾ ഊർജ്ജിതമാക്കാൻ ബോർഡ് തീരുമാനിച്ചത്. അതിനിടെ, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്നുകൾ എത്തിക്കാനുള്ള നീക്കങ്ങൾ തൽക്കാലം ലക്ഷ്യത്തിലെത്തിയിട്ടില്ല. നിലവിലെ ഭീമമായ സാമ്പത്തിക കുടിശ്ശിക തീർപ്പാക്കുന്നതിന് ധനവകുപ്പിന്റെ അടിയന്തര ഫണ്ട് സഹായത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

