കക്കട്ടിലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; ആളപായമില്ല, ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കക്കട്ടിൽ: കൈവേലിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ച് ഭാഗികമായി കത്തിയമർന്നു. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ കക്കട്ടിൽ കെ. മാളിന് മുന്നിലായിരുന്നു സംഭവം.

റോഡിന് കുറുകെയുള്ള ഇലക്ട്രിക് ലൈനിൽ തട്ടി സ്പാർക്കുണ്ടായതിനെ തുടർന്ന് ലോറിയിലെ ആക്രി സാധനങ്ങൾക്കും പിന്നീട് വാഹനത്തിലേക്കും തീ പടരുകയായിരുന്നു. തീ ആളിക്കത്തിയത് കണ്ട് ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.

തീപിടുത്തത്തിനിടെ ലോറിയുടെ എയർ ടാങ്ക് പൊട്ടിത്തെറിച്ച് വാഹനം റോഡിലൂടെ മുന്നോട്ട് നിരങ്ങി നീങ്ങിയത് പ്രദേശത്ത് വലിയ ഭീതി പടർത്തി. കൂടാതെ വാഹനത്തിൽനിന്ന് പൊട്ടിത്തെറിച്ച് വീണ വസ്തുക്കൾ തട്ടി റോഡരികിൽ ഹരിതകർമ്മസേന ശേഖരിച്ചുവെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തീപിടിച്ചു.

നാദാപുരം അഗ്‌നിരക്ഷാസേന സീനിയർ ഫയർ & റെസ്‌ക്യൂ ഓഫീസർ ലൈജു ഐസക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളെത്തി അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂർണ്ണമായും അണച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരാതെ ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ടതും കെ. മാളിലെ ഹൈഡ്രന്റ് പൈപ്പിൽനിന്ന് വെള്ളം ലഭ്യമായതും രക്ഷാപ്രവർത്തനം വേഗത്തിലാക്കി.

ഫയർ & റെസ്‌ക്യൂ ഓഫീസർമാരായ ആദർശ് വി.കെ, സുദീപ് എസ്.ഡി, ശികിലേഷ് കെ.കെ, ലിനീഷ് മര്യാട്, രാകേഷ് പി.കെ, അഖിൽ എൻ.കെ, അഖിലേഷ്, ശ്രീരൂപ്, ഹോംഗാർഡ് ഷിനു പി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *