ആവണിക്ക് വേണം നാടിന്റെ കൈത്താങ്ങ്; മയ്യന്നൂരിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു

വടകര: വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ചോറോടു സ്വദേശിനിയായ ആവണി (19) എന്ന വിദ്യാർത്ഥിനിയുടെ ചികിത്സാധനസമാഹരണത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ മയ്യന്നൂരിൽ സഹായക്കമ്മിറ്റി രൂപീകരിച്ചു. മയ്യന്നൂർ ചാത്തൻകാവിന് സമീപം പാലയുള്ളപറമ്പത്ത് ഷീബയുടെ മകളാണ് ആവണി.

വടകര മോഡൽ പോളിടെക്നിക് വിദ്യാർത്ഥിനിയായ ആവണിയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി അരക്കോടി രൂപ (50 ലക്ഷം രൂപ) ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുക കണ്ടെത്താൻ സാധാരണക്കാരായ കുടുംബത്തിന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും കൈകോർക്കുന്നത്.

മയ്യന്നൂർ എൽ.പി. സ്കൂളിൽ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെയും യോഗം ചേർന്നാണ് കമ്മിറ്റിക്ക് രൂപം നൽകിയത്. വില്യാപ്പള്ളി പഞ്ചായത്ത് 20-ാം വാർഡ് മെമ്പർ പുത്തലത്ത് ഇബ്രാഹിം യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജീവൻ, ഭാരവാഹികളായ വിശ്വൻ, എം. അശോകൻ, പ്രസാദ് വിലങ്ങിൽ എന്നിവർ ചികിത്സയുടെ വിശദാംശങ്ങൾ വിശദീകരിച്ചു. അനീഷ് എം.എം, കെ.കെ. ദിനേശൻ, വാസുദേവൻ എന്നിവർ സംസാരിച്ചു. കെ.പി. വിജേഷ് സ്വാഗതവും വിനോദൻ സി.പി. നന്ദിയും പറഞ്ഞു.

ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ:ചെയർമാൻ: പുത്തലത്ത് ഇബ്രാഹിം,കൺവീനർ: വിജേഷ് മയ്യന്നൂർ,ട്രഷറർ: സുബൈർ ചെത്തിൽ

Leave a Reply

Your email address will not be published. Required fields are marked *