തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അതേസമയം കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേരാണ് മരിച്ചത്. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പുലർച്ചെ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നുമണിക്കൂർ നേരത്തേക്കാണ് ഈ മുന്നറിയിപ്പ്.
ഇന്നലെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ച ഇടുക്കി ജില്ലയിൽ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. ദേശീയപാതയിൽ അഞ്ചിടങ്ങളിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പഴംപള്ളിചാലിലെ ഉരുൾപൊട്ടലിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. അഞ്ച് കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ദേവിയാർ പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇരുമ്പ്പാലംപഴംപള്ളിചാൽ റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. വട്ടവടയിൽ മണ്ണിടിച്ചിലിൽ മരിച്ച ബാലകൃഷ്ണൻ, ചിന്നു എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിലാണ്.
മലപ്പുറം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് പേർ മരിച്ചു. തിരൂർ സ്വദേശികളാണ് മരിച്ച രണ്ട് പേരും. ടികെ നഗറിൽ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. കാണാതായ ഒരാൾക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചിൽ തുടരുകയാണ്.
കോട്ടയം ജില്ലയിലും മലയോര മേഖലയിൽ വ്യാപക മണ്ണിടിച്ചിലും വെള്ളക്കെട്ടും തുടരുകയാണ്. മീനച്ചിലാർ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്. തിടനാട് മേസ്തിരിപ്പടിയിലും തലനാടും വീടുകളിൽ വെള്ളം കയറി. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി. മഴയുടെ ശക്തി നിലവിൽ കുറഞ്ഞിട്ടുണ്ട്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പെരിങ്ങളം സ്വദേശി ജോസഫും വാഗമൺഈരാറ്റുപേട്ട റോഡിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് തമിഴ്നാട് സ്വദേശി സംഗീതയുമാണ് മരിച്ചത്.
അതേസമയം എറണാകുളത്ത് മിക്കയിടങ്ങളിലും ഒറ്റപ്പെട്ട മഴ ശക്തമാണ്. പുലർച്ചെ പലയിടത്തും കനത്ത മഴ പെയ്തു. മലയോരമേഖലയിൽ ജാഗ്രതാ നിർദേശമുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തുടർച്ചയായ മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ട്. മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ രാത്രി 8.30 വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു

.
