തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് നടപടി. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
കടുത്ത മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് ഉപഭോഗം വർധിക്കാൻ ഇടയാക്കിയത്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് 1200 മെഗാവാട്ട് വരെ അധിക വർധനവാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വലിയതോതിൽ ഉയർന്നതിനാൽ പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
