കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴയിൽ അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. കരുവാറ്റ സ്വദേശി രാജീവിനെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ പ്രബലേഷിന് മൂന്നു വർഷം തടവും ശിക്ഷ വിധിച്ചു.
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. കരുവാറ്റ വാലുചിറ വീട്ടിൽ രാജീവിനെയാണ് (43) മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടാം പ്രതി കുന്നേൽതറയിൽ പ്രബലേഷിന് (38) മൂന്നു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആയുധനിയമ പ്രകാരം ഏഴു വർഷവും തെളിവ് നശിപ്പിച്ചതിന് മൂന്നു വർഷവും കഠിനതടവ് അനുഭവിച്ച ശേഷമേ കൊലപാതകക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ഒന്നാം പ്രതി അനുഭവിക്കേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2017 മാർച്ച് അഞ്ചിന് രാത്രി പത്തോടെ കരുവാറ്റ ഒന്നാം വാർഡിലായിരുന്നു സംഭവം. പാടശേഖരത്തിലിരുന്ന് രാജീവും പ്രബലേഷും മദ്യപിച്ചത് അമ്മാവന്റെ മകനായ കരുവാറ്റ വാലുചിറ വീട്ടിൽ സുജിത് (43) ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമായത്. തന്റെ അമ്മയ്ക്ക് കുടുംബ ഓഹരി കുറഞ്ഞുപോയെന്ന പേരിൽ സുജിത്തുമായി വാക്കുതർക്കത്തിലേർപ്പെട്ട രാജീവ്, മൂർച്ചയേറിയ വാളുമായി എത്തി തലയിൽ ആഞ്ഞുവെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച സുജിത്തിന്റെ അമ്മ ശോഭയുടെ കൈപ്പത്തിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു രാവിലെ മരിക്കുകയായിരുന്നു.

ഹരിപ്പാട് എസ്ഐ ആയിരുന്ന എസ് എസ് ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സിഐടി മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സജികുമാർ എന്നിവർ ഹാജരായി. എഎസ്ഐ ഡി സിന്ധു, സിപിഒ എസ് അനീഷ്, സീനിയർ സിപിഒ സജികുമാർ എന്നിവർ സഹായികളായി.

Leave a Reply

Your email address will not be published. Required fields are marked *