ഉദുമ: ഡിസംബർ 26-ന് വിവാഹം നടക്കാനിരിക്കെ, സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുതവരനെയും വധുവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാസർകോട് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ (25), കണ്ണൂർ അമ്പത്തട്ട് സ്വദേശി അമൽ എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.

രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹുൻസൂർ ബ്രാഞ്ചിലെ ഉദ്യോഗസ്ഥയായ അനുശ്രീ, ചൊവ്വാഴ്ച രാത്രി ജോലിക്ക് ശേഷം താമസസ്ഥലത്തെത്തി അമലിനോട് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. പിന്നീട് ഇവരെ കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അനുശ്രീ മരിച്ച വിവരമറിഞ്ഞ് അമൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയും തുടർന്ന് സ്വന്തം ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്തു. സംശയം തോന്നി സുഹൃത്തുക്കൾ അന്വേഷിച്ചെത്തി വാതിൽ തുറന്നുനോക്കിയപ്പോഴാണ് അമലിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എറണാകുളം പാലാരിവട്ടത്തായിരുന്നു അമൽ താമസിച്ചിരുന്നത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അനുശ്രീയുടെ മൃതദേഹം പൂച്ചക്കാട്ടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അമലിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഹുൻസൂർ പോലീസും എറണാകുളം നോർത്ത് പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
