ടി ജി മോഹൻദാസിൻ്റെ ജാമ്യം; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധം: പൊലീസിന് വീഴ്ചയെന്ന് കോടതി


സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പൊലീസിന്റെ വീഴ്ച എണ്ണി പറയുന്നത്

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന് ജാമ്യം ലഭിച്ചതിൽ പൊലീസിന്റെ വീഴ്ച എണ്ണമിട്ട് നിരത്തി കോടതി. തിരുവനന്തപുരം സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പൊലീസിന്റെ വീഴ്ച എണ്ണി പറയുന്നത്. പ്രതിക്ക് നോട്ടീസ് നൽകാത്തത് പൊലീസിന്റെ പരാജയനമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. സിജെഎം കോടതി ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

പ്രതിക്ക് നോട്ടീസ് നൽകാത്തത് പൊലീസിന് തൃപ്തികരമായി ന്യായീകരിക്കാനായില്ല എന്നാണ് കോടതി നിരീക്ഷണം. അറസ്റ്റ് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. സുപ്രിംകോടതിയുടെ ഭരണഘടനാപരമായ നിർദ്ദേശത്തെ പൊലീസ് അവഗണിച്ചു. അറസ്റ്റ് നിയമ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണ്. നോട്ടീസ് നൽകുക എന്നത് പൊതുനിയമം. അറസ്റ്റ് അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. നോട്ടീസ് നൽകാത്തതിന് മതിയായ കാരണം പൊലീസിന് ബോധ്യപ്പെടുത്താനായില്ല എന്ന കണ്ടത്തെലുമുണ്ട്.

നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യേണ്ട അസാധാരണ സാഹചര്യമില്ലെന്ന് പറഞ്ഞ കോടതി നോട്ടിസ് നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്ന പ്രോസിക്യൂഷൻ വാദം തള്ളുകയാണുണ്ടായത്. ശിക്ഷ ഏഴ് വർഷത്തിൽ താഴെയെങ്കിൽ നോട്ടീസ് നൽകാതിരിക്കാനാവില്ലെന്നും, ഇക്കാര്യത്തിൽ പൊലീസിന് തടസവാദം പറയാനായില്ലെന്നും കോടതി പറയുന്നു. നോട്ടീസ് നൽകാതെയുള്ള അറസ്റ്റിന്റെ കാരണം റിമാൻഡ് റിപ്പോർട്ടിലും ഇല്ല. പൊലീസിന്റേത് അനുമാനങ്ങൾ മാത്രമെന്നാണ് എസിജെഎം കോടതിയുടെ ഗുരുതര നിരീക്ഷണം.

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന പൊലീസ് വാദവും കോടതി അംഗീകരിച്ചിട്ടില്ല. സുപ്രിംകോടതിയുടെ വിധിക്ക് നേരെ കണ്ണടയ്ക്കാനാവില്ലെന്നും നിയമത്തിൽ നിന്ന് വ്യതിചലിച്ച് പ്രതിയെ പൊലീസിന് കസ്റ്റഡിൽ വെക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷണം. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചു. പ്രതിയുടെ വീട്ടിൽ സെർച്ച് നടത്തി തെളിവുകൾ ശേഖരിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതി തെളിവ് നശിപ്പിക്കുമെന്ന് പൊലീസിന് ബോധ്യപ്പെടുത്താനായില്ലെന്നതാണ് പൊലീസിൻ്റെ മറ്റൊരു വീഴ്ചയായി കോടതി വ്യക്തമാക്കുന്നത്. പ്രതി ഒളിവിൽ പോകുമെന്ന സാഹചര്യവും പൊലീസിന് ബോധ്യപ്പെടുത്താനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊച്ചിയിലെ വീട്ടിൽ നിന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്: രേഖകൾ നൽകണമെന്ന ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയിൽ
എസ്ഡിപിഐ നേതാവിന്റെ പരാതിയിൽ കേസെടുത്തതും വീഴ്ചയെന്നാണ് കോടതി നിരീക്ഷണം. ടിജി മോഹൻദാസിന്റെ ആക്ഷേപങ്ങൾ ബാധിക്കാത്തയാളുടെ പരാതിയിലാണ് കേസെടുത്തത്. ടിജി മോഹൻദാസിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തുടർന്നും ഉപയോഗിക്കാം എന്ന് നിരീക്ഷിച്ച കോടതി സാമൂഹിക മാധ്യമങ്ങളിലൂടെ കേസിനാധാരമായ കാര്യങ്ങൾ പറയുന്നതിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *