തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികൻ ജോബിക്ക് ഗുരുതര പരിക്കേറ്റു.
ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിൽ ആയിരുന്നു എന്ന് അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ പറഞ്ഞു. തന്റെ വാഹനം കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടിൽ പോവുകയായിരുന്നു. അതിനിടയിലാണ് നിയന്ത്രണംവിട്ട ബസ് തന്റെ വാഹനത്തിൽ ഇടിച്ചത്. വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. കാർ, ഓട്ടോ, ബൈക്ക് ഉൾപ്പടെ അഞ്ച് വാഹനങ്ങളിലാണ് ബസ് ഇടിച്ചത്.
