ദുബായിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി അറസ്റ്റിൽ


വ്യാജ ഓഫർ ലെറ്ററും യുഎഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റും വിമാന ടിക്കറ്റും വാട്ട്‌സ്ആപ്പ് വഴി അയച്ചുനൽകിയാണ് തട്ടിപ്പ് നടത്തിയത്

പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം അഴകൻകണ്ടത്തിൽ അയ്യൂബിനെയാണ്(58) പൊലീസ് പിടികൂടിയത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് വിശ്വസിപ്പിച്ച് വ്യാജ ഓഫർ ലെറ്റർ, വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. 1,22,600 രൂപയാണ് ഇയാൾ തട്ടിയത്.

പാലക്കാട് സ്വദേശിയായ പരാതിക്കാരനുമായി രണ്ടുമാസത്തോളം വാട്‌സ്ആപ്പ് മുഖേന സംസാരിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. മെയ് മുതൽ ജൂലൈ വരെ ഇവർ സംസാരിച്ചു. യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയ അയ്യൂബ് ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. തുടർന്ന് സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ ഓഫർ ലെറ്ററും യുഎഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റും വിമാന ടിക്കറ്റും വാട്ട്‌സ്ആപ്പ് വഴി അയച്ചുനൽകി. വിസയ്ക്കും മറ്റ് നടപടിക്രമങ്ങൾക്കുമുളള ചെലവുകളുടെ പേരിലും മറ്റുമാണ് പണം പരാതിക്കാരനിൽ നിന്ന് വാങ്ങിയത്.

വാട്ട്‌സ്ആപ്പ് പ്രൊഫൈലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ചിത്രവും ഉപയോഗിച്ചിരുന്നു. ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാലക്കാട് ജില്ലയിൽ തന്നെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പരാതിക്കാരനിൽ നിന്ന് ലഭിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ സ്വീകരിച്ചത്. തുടർന്ന് പണം ചെലവഴിക്കുകയും ചെയ്തു. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന സമാനമായ തട്ടിപ്പുകളിൽ പ്രതിക്ക് ബന്ധമുണ്ടോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *