മറക്കാനാകാതെ ഫോളോവേഴ്‌സ്: സയന്റിഫിക് മലയാളി അനീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പത്തനംതിട്ട: സിക്കിമിൽ തുരങ്കനിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മണ്ണിടിഞ്ഞ് മരിച്ച മലയാളി അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. അതിനുള്ള ശ്രമം നോർക്ക ഊർജ്ജിതമാക്കി. അനീഷ് മോഹന്റെ വിയോഗ വാർത്തയുടെ ആഘാതം കോട്ടയം മണർക്കാട് സ്വദേശികളിൽ നിന്നും വിട്ടിട്ടില്ല. തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി എൻഎച്ച്പിസി നിർമ്മിക്കുന്ന തുരങ്കമായിരുന്നു തിങ്കളാഴ്ച തകർന്നത്. അണക്കെട്ടിൽ നിന്നും വൈദ്യുതോൽപ്പാദനത്തിനായി വെള്ളമെത്തിക്കാൻ മലകൾ തുരന്നുനിർമ്മിക്കുന്ന കൂറ്റൻ തുരങ്കമാണിത്. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ സിക്കിം യൂണിറ്റിന്റെ മാനേജരായിരുന്നു അനീഷ്.

ഭൂമിക്കടിയിൽ പാറ തുരക്കുന്നതിനിടെ മീഥൈൽ വാതകച്ചോർച്ച മൂലമുണ്ടാകുന്ന സ്ഫോടനമാണ് തുരങ്കം തകരാൻ കാരണമായതെന്നാണ് വിവരം. കുട്ടിക്കാലം മുതൽ ജിയോളജി, ശാസ്ത്ര വിഷയങ്ങളിൽ വലിയ താൽപര്യമുള്ളയാളായിരുന്നു അനീഷ്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഐഎസ്ആർഒയിൽ ഗവേഷണം നടത്തി വരുന്നതിനിടെയായിരുന്നു അനീഷ് 2011ൽ ഹരിയാനയിൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടെ കുടുംബമായി താമസിച്ചുവരികയായിരുന്നു.

ഏഴ് മാസം മുമ്പാണ് അനീഷ് സിക്കിമിലേക്ക് ജോലിക്കായി പോയത്. ജിയോളജിസ്റ്റ് ആയ അനീഷ് എഴുത്തുകാരനും വ്‌ളോഗറുമാണ്. ‘സയന്റിഫിക് മലയാളി’ എന്ന പേരിൽ അനീഷ് ആരംഭിച്ച യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉണ്ട്. ഫോളോവേഴ്‌സും അനീഷിന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ്. നിരവധിപേർ കമന്റ്‌ബോകിൽ ആദരാഞ്ജലികൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *