ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർ പട്ടിണി സമരത്തിൽ. മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമരം 29-ാം ദിവസത്തിലേക്ക് കടന്നു. തങ്ങൾക്ക് നേരെയുള്ള ഭരണകൂട അവഗണനയ്‌ക്കെതിരെയാണ് പട്ടിണി സമരമെന്ന് സമരസമിതി പറയുന്നു. അടിമാലി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് ഇപ്പേൾ പട്ടിണി സമരം നടക്കുന്നത്. കുട്ടികൾ മുതൽ വയോധികർ വരെയുള്ള ദുരന്തബാധിതർ സമരത്തിലാണ്. ഗർഭിണി അടക്കം പട്ടിണി കിടക്കുന്നു എന്നാണ് റിപ്പോർട്ട്.
മുൻപ് സമരപന്തലിന് സമീപം ദേശീയ പാതയിലേക്ക് കല്ലും മണ്ണും പതിച്ച് അപകടമുണ്ടായിരുന്നു. രാത്രിയിലെ കനത്ത മഴയിലായിരുന്നു സംഭവം. ആദ്യം അപകടാവസ്ഥയിലുള്ള മൺതിട്ടക്ക് താഴെയായിരുന്നു ദുരന്ത ബാധിതർ സമരം ചെയ്യ്തിരുന്നത്. ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാർ ആരോപിച്ചിരുന്നു. സമരക്കാർ ദേവികുളം എംഎൽഎയുമായി നേരത്തെ ചർച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാത്തതിനാൽ സമരം തുടരുകയായിരുന്നു. എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി സമരക്കാർ രംഗത്തെത്തിയിരുന്നു. വാക്കാൽ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉറപ്പുലഭിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ദുരന്തബാധിതർ പറഞ്ഞു. കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും സമരപന്തൽ ഭാഗികമായി തകർന്നിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 25നുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടർ ഇടപെട്ട് മാറ്റിപാർപ്പിച്ച അടിമാലി ലക്ഷംവീട് നഗറിലെ 17 കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മൂന്നുമാസത്തെ വാടകയും ഇതുവരെ ലഭ്യമായിട്ടില്ലെന്ന വാദം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഒമ്പത് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ലഭ്യമായിട്ടില്ല. 17 കുടുംബങ്ങൾക്കു കൂടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. ഒൻമ്പത് കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയും വാടകക്കുടിശ്ശികയും ഉടനടി നൽകുമെന്നും 17 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. മണ്ണിടിച്ചിലിൽ പ്രദേശത്ത് ഒരാൾ മരണപ്പെടുകയും മരണപ്പെട്ടയാളുടെ ഭാര്യയുടെ കാൽ മുറിച്ചുനീക്കേണ്ടിവരികയും ചെയ്തിരുന്നു.
