പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: വയനാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി പിടിയിൽ

തിരുവനന്തപുരം: പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാർഥി പിടിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥി ഏബലാണ് പൊലീസിന്റെ പിടിയിലായത്. പതിമൂന്നോളം സീനിയർ വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഏബൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസിൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വയനാട് കാക്കവയൽ സ്വദേശിയാണ് ഏബൽ.

പതിനേഴോളം പെൺകുട്ടികളുടെ ചിത്രം പ്രതി സോഷ്യൽ മീഡിയയിൽ നിന്നും എടുക്കുകയും അത് മോർഫ് ചെയ്ത് അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വിദ്യാർഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികളുടെ മോർഫ് ചെയ്ത ചില ദൃശ്യങ്ങൾ മറ്റുള്ള വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്.

പരാതിയുമായി പെൺകുട്ടികൾ മെഡിക്കൽ കൊളേജ് പൊലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. കൂടുതൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താൽ വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.

ഇപ്പോൾ കുറച്ച് പേരുടെ മൊഴി എടുക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും മുഴുവൻ പരാതിക്കാരുടെയും മൊഴി എടുക്കാതെ പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ വിദ്യാർഥികൾ തയ്യാറായില്ല. ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നു എന്നും വിദ്യാർഥികൾ പറഞ്ഞു.

എസ്എഫ്‌ഐ ഉൾപ്പടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. എസ്എഫ്‌ഐ പ്രവർത്തകരും പൊലീസും നേർക്കുനേർ എത്തുന്ന ഘട്ടവുമുണ്ടായി. ഇത്തരത്തിൽ ഗുരുതരമായ പരാതി ഉയർന്നിട്ടും വേണ്ട ഗൗരവത്തോടെ പൊലീസ് വിഷയം കൈകാര്യം ചെയ്യുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പരാതികൾക്ക് ഒരോന്നിനും ഒരോ എഫ്‌ഐആർ ഇട്ട് തന്നെ അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അതേസമയം വിദ്യാർത്ഥികളുടെ പരാതി കേൾക്കുമെന്നും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *