ആവേശത്തിന്റെ അതിരുകൾ ഭേദിക്കുന്നതായിരുന്നു ലോകകപ്പ് ഫൈനലിന്റെ ഒന്നാം പകുതി. അർജന്റീനയുടെ പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിക്കുകയായിരുന്നു സ്പാനിഷ് മുന്നേറ്റം. ലമീൻ യമാലും ഡാനി ഒൽമോയും ഓയർസബാലും നിരന്തരം മുന്നേറ്റം നടത്തി അർജന്റീനയെ പ്രതിരോധത്തിലാക്കി. പ്രതിരോധതാരം കുക്കുറയയുടെ മികവ് ടീമിനെ ബലപ്പെടുത്തുകയായിരുന്നു.
മൂന്നുമാറ്റങ്ങളോടെയാണ് അർജന്റീന ഇറങ്ങിയത്. മോണ്ടിയേൽ, ഡീ പോൾ, ഗോൺസലസ് എന്നിവർ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. പ്രതിരോധം ബാലപ്പെടുത്തിയുള്ള അർജന്റീനയുടെ ഫോർമേഷനാണ് ടീമിനെ ഗോൾ വഴങ്ങാതെ സഹായിച്ചത്. അഞ്ചാം മിനിറ്റിൽ ലമീൻ യമാലിന്റെ സുവർണാവസരം പാഴായി. അർജന്റീനയുടെ പ്രതിരോധക്കോട്ടയുടെ ബലം മനസ്സിലായിയാണ് സ്‌പെയിന്റെ തുടക്കം. തൊട്ടുപിന്നാലെ വീണ്ടും ചാൻസ്. അതും പാഴായി. അർജന്റീന കൗണ്ടർ അറ്റാക്ക് ചാൻസും സ്‌പെയിൻ തടഞ്ഞിട്ടു.
അർജന്റീനയെ പരീക്ഷിക്കുകയായിരുന്നു കലിയുടെ ആദ്യ 10 മിനിറ്റ്. നിരന്തരം മുന്നേറ്റങ്ങൾ അർജന്റീനയ്ക്ക് പ്രതിരോധിക്കാവുന്നതിലുമപ്പുറമായിരുന്നു. കൗണ്ടർ ശ്രമങ്ങളെ വിഫലമാക്കി റോഡ്രിയും പൊറോയും സ്പാനിഷ് പ്രതിരോധത്തിന് കാവലായി. 17-ാം മിനിറ്റിൽ യമാലിന്റെ മുന്നേറ്റം വേഗത കുറഞ്ഞാണ് എമിലിയാനോ മാർട്ടിനെസിന്റെ കൈയിലേക്കെത്തിയത്. 40-ാം മിനിറ്റിൽ ഓയർസബാലിന്റെ ഗോൾശ്രമത്തെയും എമിലിയാനോ തടഞ്ഞിട്ടു. 43-ാം മിനിറ്റിൽ കുക്കുറയയുടെ ഷോട്ട് നേരിയ വ്യത്യാസത്തിൽ ലക്ഷ്യം പിഴച്ചു. പന്തടക്കത്തിലും ഷോട്ടുകളിലും പാസുകളിലും എല്ലാം സ്പാനിഷ് മുന്നേറ്റമായിരുന്നു. ഒരുഷോട്ടുപോലുമില്ലാതെയാണ് അർജന്റീന ആദ്യപകുതി പൂർത്തിയാക്കിയത്.