19 വർഷങ്ങൾ, രണ്ട് ലാ മാസിയ ‘പ്രൊഡക്റ്റുകൾ’, ലോകകപ്പ് വേദി സാക്ഷ്യം വഹിച്ചത് ആ അപൂർവതയ്ക്ക്; മെസിയും യമാലും നേർക്കുനേർ

വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിൽ മെസ്സിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് ലമീൻ യമാൽ ഇന്ന് അദ്ദേഹത്തിനെതിരെ ഫൈനലിൽ കളിക്കുന്നു എന്നത് മത്സരത്തിന്റെ പ്രത്യേകതയാണ്. ഇത് മെസ്സിയുടെ മൂന്നാം ഫൈനലും യമാലിന്റെ കന്നി ലോകകപ്പ് ഫൈനലുമാണ്.
ന്യൂയോർക്ക്: സ്‌പെയിൻ- അർജന്റീന ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ. തുടക്കം മുതൽ ആക്രമിച്ച് കളിച്ച സ്‌പെയിനിന് തന്നെയായിരുന്നു ഏറ്റവും കൂടുതൽ ബോൾ പൊസഷൻ. അതേസമയം ഫുട്ബോളിലെ മറ്റൊരു അപൂർവതയ്ക്ക് കൂടിയാണ് മെറ്റ്ലൈഫ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചിരുന്നത്. എഫ്.സി ബാഴ്‌സലോണയുടെ ഫുട്ബോൾ അക്കാദമിയായ ലാ മാസിയയിലൂടെ കരിയർ ആരംഭിച്ച മെസിയും ലമീൻ യമാലും പത്തൊൻപത് വർഷങ്ങൾക്ക് ശേഷം ഫൈനൽ വേദിയിൽ ഒന്നിച്ചിരിക്കുന്നു.

2007-ൽ യുണിസെഫും സ്പാനിഷ് മാധ്യമമായ സ്‌പോർട്ടും ചേർന്ന് നടത്തിയ ചാരിറ്റി കലണ്ടറിന് വേണ്ടി ബാഴ്‌സലോണയുടെ ഡ്രസ്സിങ്ങ് റൂമിൽ വച്ച് കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്ന മെസിയുടെ ചിത്രം ഫൈനലിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു. ഫുട്ബോൾ ലോകം വലിയ ആകാംക്ഷയിലാണ് ഇരുവരുടെയും കൂടിച്ചേരലിനായി കാത്തിരുന്നത്. ഇന്ന് ലമീൻ യമാൽ തന്റെ ആദ്യ ലോകകപ്പിലെ ഫൈനലിൽ കളത്തിലിറങ്ങിയപ്പോൾ മെസി തന്റെ ആറാം ലോകകപ്പും മൂന്നാം ഫൈനലിനുമാണ് മെറ്റ്ലൈഫിൽ കാലുകുത്തിയത്.ആ ചിത്രത്തെ കുറിച്ച് ആദ്യമായി മെസി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അവൻ വെറുമൊരു കുഞ്ഞായിരുന്നപ്പോഴാണ് താൻ ആ ചിത്രമെടുത്തതെന്നും ഇപ്പോൾ തങ്ങൾ രണ്ടുപേരും ഒരേ ലോകകപ്പ് ഫൈനലിൽ കളിക്കാൻ പോകുന്നു എന്നത് അസാധാരണമായ കാര്യമാണ് എന്നും മെസി പറഞ്ഞു. മെസിയോടുള്ള തന്റെ ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരം കൂടിയാണ് ലമീൻ യമാൽ. തന്റെ ഇഷ്ടതാരങ്ങളിൽ ഒരാരാളായ മെസിയെ സാക്ഷി നിർത്തി യമാൽ വിശ്വാകിരീടം കൂടുമോ അതോ മെസി തന്റെ രണ്ടാം ലോകകപ്പ് ഉയർത്തുമോ എന്നാണ് രണ്ടാം പകുതിയിലേക്ക് ഉറ്റുനോക്കികൊണ്ട് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *