ലോകകപ്പ് ഫൈനൽ ദിനത്തിൽ പവർകട്ട് ഉണ്ടാകില്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നും വൈദ്യുത മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഞായറാഴ്ചത്തേക്ക് ഫുട്‌ബോളിന് വേണ്ടി നമ്മൾ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങും. പകൽ ഇത്തരത്തിൽ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ല – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും വൈദ്യുത വകുപ്പിന്റെയും വിശദീകരണം. നിയന്ത്രണം ഒഴിവാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും പരമാവധി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മന്ത്രി വിശദീകരിക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 1200ന് മുകളിൽ മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളിൽ ആവശ്യമായി വരുന്നു. കഴിഞ്ഞ ജൂലൈയിൽ 70 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപയോഗം എങ്കിൽ ഇത്തവണ 78 ദശലക്ഷമായി കൂടി. അണക്കെട്ടുകളിലെ ജലത്തിന്റെ അളവിലും കാര്യമായ കുറവുണ്ടായി. വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരിച്ചു നൽകേണ്ടതും സർക്കാരിന് ബാധ്യതയായി നിലനിൽക്കുന്നു. ഇത്രയും പ്രതിസന്ധി നിലനിൽക്കെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. പവർ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിനു ലഭിക്കാതെ വന്നതും പീക്‌സമയത്തെ നിയന്ത്രണത്തിന് ഇടയാക്കി. പവർ കട്ടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം വൈദ്യുതഭവനിലേക്ക് എത്തി. എബിവിപിയുടെ നേതൃത്വത്തിൽ ആയിരുന്നു അപ്രഖ്യാപിത പവർകട്ടിനെതിരെ പ്രതിഷേധം.

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗവാട്ട് വൈദ്യതി വാങ്ങാനുള്ള ആലോചനകളും നടക്കുന്നുണ്ട്. 25 വർഷത്തേക്ക് സെക്കിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ നൽകി. പീക്ക് സമയത്ത് 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുന്നുണ്ട്. ഫുട്‌ബോൾ ലോകകപ്പ് നടക്കുന്ന ദിവസങ്ങളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനും കെഎസ്ഇബി തീരുമാനിച്ചു.

ആവശ്യമായ വൈദ്യുതി വാങ്ങി സർക്കാർ ഉത്തരവാദിത്തം നിർവഹിക്കണമെന്നും ജനങ്ങളെ ഇട്ട് അമ്മാനമാടരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി കട്ട പലവിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് അറിയാത്തത് അല്ല സർക്കാരിന്. അതിന് ആവശ്യമായ തയാറെടുപ്പ് നേരത്തെ നടത്തണം. ആവശ്യമായത്ര വൈദ്യുതി വാങ്ങണം. അതിൽ പൂർണമായ കെടുകാര്യസ്ഥതയാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളെയിട്ട് ഇങ്ങനെ അമ്മാനമാടാൻ പാടില്ല – പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *