കോഴിക്കോട്: എലത്തൂർ കൊലപാതക കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖൻ (35) ആണ് ആത്മഹത്യ ചെയ്തത്. തടമ്പാട്ട്താഴം വീട്ടിലാണ് വൈശാഖനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വൈശാഖൻ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. യുവതിയെ കൊലപ്പെടുത്തി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരായ കേസ്.
ജനുവരി 24നാണ് മാളിക്കടവിലെ വർക്ക്‌ഷോപ്പിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാളിക്കടവിൽ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു 26കാരിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാൽ എലത്തൂർ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാൻ സഹായിച്ചത്.
യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാമെന്നായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാൽ പൊലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇൻഡസ്ട്രി സീൽ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാൾ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.
മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നൽകിയതിന് ശേഷം ക്രൂരമായി മർദിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വൈശാഖനും യുവതിയും തമ്മിൽ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. തുടർന്ന് തന്നെ വിവാഹം കഴിക്കാൻ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താൻ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയിൽ വർക്ക് ഷോപ്പിലേക്ക് വൈശാഖൻ വിളിച്ചുവരുത്തി. ഇരുവരും ഒരുമിച്ച് കയർ കെട്ടി. യുവതി കയറിൽ കുരുക്കിട്ട ഉടൻ വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.
അന്വേഷണത്തിനിടെ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന യുവതിയുടെ അവസാന സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാൽ അതിന് കാരണം വൈശാഖൻ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തിൽ യുവതി പറഞ്ഞത്. മരിക്കുന്ന ദിവസം രാവിലെയായിരുന്നു ഈ സന്ദേശം യുവതി സൈക്കോളജിസ്റ്റിന് അയച്ചത്. 16 വയസ് മുതൽ താൻ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തിൽ പറഞ്ഞു.
