ഫ്രാൻസിനെതിരെ സ്പെയിന്റെ ജയം എതിരില്ലാത്ത രണ്ടുഗോളിന്, ഗോൾനേടിയത് ഒയർസബാലും പെഡ്രോ പോറൊയും
സ്പെയിന് മുന്നിൽ ഫ്രാൻസ് കളി മറന്നു, അല്ല-സ്പെയിൻ ജ്വലിച്ചതോടെ ഫ്രാൻസ് പതറി. ഫുട്ബോൾ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ. എതിരില്ലാത്ത രണ്ടുഗോളിനാണ് സ്പെയിന്റെ ഫൈനൽ പ്രവേശം. 22-ാം മിനിറ്റിൽ മൈകൽ ഒയർസബാലിലൂടെ ലീഡെടുത്ത സ്പെയിൻ 58-ാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ ഗോൾവേട്ട പൂർത്തിയാക്കി.
ഫ്രാൻസിന്റെ പേരുകേട്ട ആക്രമണ നിരയെ നിലംപരിശാക്കിയാണ് സ്പെയിന്റെ മുന്നേറ്റങ്ങൾ. പലപ്പോഴും ഫ്രാൻസിന്റെ മുന്നേറ്റങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. എംബാപ്പെയും ഉസ്മാൻ ഡെംബലയും ബാർകോളയും ഒലിസയുമെല്ലാം പതറിപ്പോയ നേരമായിരുന്നു പലപ്പോഴും.
പന്തടക്കത്തിൽ സ്പെയിൻ വിജയിച്ചു. നിരന്തരം ഷോട്ടുകളുതിർത്ത് കളി വരുതിയിലാക്കാനും സ്പെയിനിനായി. എന്നാൽ അവസാന മിനിറ്റുകളിൽ ഫ്രാൻസ് നടത്തിയ മുന്നേറ്റങ്ങളെ ചെറുത്തുതോൽപ്പിച്ച് ഫ്രാൻസ് കളംപിടിച്ചെങ്കിലും സ്പെയിനെ തോൽപ്പിക്കാനായില്ല. ഒടുവിൽ പോരാട്ട വീര്യമെല്ലാം ചോർന്ന് ഫൈനലിലെത്താതെ ഫ്രാൻസ് മടങ്ങി. 16 വർഷത്തിന് ശേഷം വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയ സ്പെയിൻ ആഘോഷത്തിൽ ആറാടി.
