കേസ് കോടതിയിലാണ്, പറയാൻ ഒത്തിരിയുണ്ട്; വടകര ‘കാഫിർ’ വിവാദത്തിൽ ആരോപണങ്ങൾ തള്ളി ജിതിൻ ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വടകര: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെ ശക്തമായി നിഷേധിച്ച് മുൻ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ. കേസ് കോടതിയുടെ പരിഗണനയിലായതിനാലും പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശമുള്ളതിനാലും പല കാര്യങ്ങളും പറയുന്നില്ലെന്ന് വ്യക്തമാക്കിയ ജിതിൻ, താൻ വഴിയാണ് സ്ക്രീൻഷോട്ട് പ്രചരിച്ചതെന്ന വാദങ്ങളെ തെളിവ് സഹിതം വെല്ലുവിളിച്ചു.

താൻ 200-ഓളം പേർക്ക് ഈ സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്തുവെന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിൽ 250ഓളം ആളുകളുണ്ടെന്നും അതിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസുകാരും കോൺഗ്രസ് കുടുംബങ്ങളിലെ അംഗങ്ങളും തന്റെ അയൽവാസികളും ഉണ്ടെന്നും ജിതിൻ പറയുന്നു. ഹരിപ്രസാദ് സി.കെ മുതൽ സുഹൃത്ത് അൽ അമീൻ വരെയുള്ളവർ ഈ ഗ്രൂപ്പിലുണ്ട്. ഭരണകാലത്തെ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നുകാണിക്കുന്ന രാഷ്ട്രീയ ആശയങ്ങൾ പങ്കുവെക്കാനാണ് ഈ ബ്രോഡ്കാസ്റ്റ് സംവിധാനം ഉപയോഗിക്കാറുള്ളത്.

വിവാദ സ്ക്രീൻഷോട്ട് താൻ 200 പേർക്ക് അയച്ചു എന്ന് പറയുന്നവർക്ക്, തന്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിലുള്ള കോൺഗ്രസുകാരുടെയോ മറ്റാരുടെയെങ്കിലും കൈയിൽ നിന്ന് വെറും 10 പേർക്കെങ്കിലും ഈ പോസ്റ്റർ ലഭിച്ചതിന്റെ സ്ക്രീൻഷോട്ട് കാണിച്ചുതരാൻ സാധിക്കുമോ എന്ന് ജിതിൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. അങ്ങനെ ഒരു തെളിവ് കാണിച്ചുതന്നാൽ ഇത് ചെയ്തത് താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ വെല്ലുവിളിക്കുന്നു.

ഹൈക്കോടതി മേൽനോട്ടത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണവിധേയനായ മുൻ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *