‘നാല് വോട്ടിന് നാട് കത്തിക്കാൻ നോക്കിയവർക്ക് സ്വീകരണമോ?’; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പാറക്കൽ അബ്ദുള്ള എം.എ.എൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സി പി എം സ്വീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള എം എൽ എ രംഗത്ത്. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അത് പ്രചരിപ്പിച്ചവരെയും ഒരു കാരണവശാലും വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും പാറക്കൽ അബ്ദുള്ള വ്യക്തമാക്കി. ഒരു കൂട്ടർ ഈ നാടിന്റെ ആത്മാഭിമാനത്തിന് മുകളിൽ കാലെടുത്ത് വെക്കുമ്പോൾ കയ്യും കെട്ടി നോക്കിനിൽക്കാൻ തങ്ങൾ സി പി എം ഭക്തരല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്നും ഈ കേസിൽ പൂർണ്ണമായ നീതി ഉറപ്പാക്കുന്നത് വരെ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പാറക്കൽ അബ്ദുള്ള എം എൽ എ മുന്നറിയിപ്പ് നൽകി.

വെല്ലുവിളിയുമായി ജിതിൻ ഭാസ്കർ
അതേസമയം വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി അയച്ചു എന്ന ആരോപണം തെളിയിക്കാൻ ജിതിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാരും അവരുടെ മക്കളും അടക്കം ഇരുന്നൂറ്റമ്പതോളം പേരുണ്ടെന്നും, അതിൽ ഒരു പത്തുപേർക്കെങ്കിലും താൻ ഈ സ്ക്രീൻഷോട്ട് അയച്ചതായി കാണിച്ചുതരാൻ സാധിക്കുമോ എന്നും ജിതിൻ ചോദിച്ചു. കേസ് കോടതിയിൽ ആയതിനാലും പാർട്ടി നേതൃത്വം വിലക്കിയതിനാലും പലതും ഇപ്പോൾ പറയുന്നില്ലെന്നും, അങ്ങനെ തെളിയിച്ചാൽ കുറ്റം താൻ ചെയ്തതാണെന്ന് ഉറപ്പിക്കാമെന്നും ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *