50 പവനും ലക്ഷങ്ങളും തട്ടിയെടുത്ത് മുങ്ങി, ഇരയായ യുവതികളിൽ ഒരാൾ മരിച്ചു; അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ പ്രതി ഒടുവിൽ വലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിലെ സ്വർണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. വെങ്ങാനൂർ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളിൽ പ്രതിയാണ് പിടിയിലായ സിന്ധു. സിന്ധുവിന്റെ തട്ടിപ്പിനിരയായ രണ്ട് യുവതികൾ കഴിഞ്ഞ ദിവസം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവരിൽ വെങ്ങാനൂർ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു.

യുവതികളിൽ നിന്ന് സ്വർണം കൈക്കലാക്കിയ ശേഷം സിന്ധു രാജ്യം വിട്ടിരുന്നു. അമേരിക്കയിൽ മകൾക്കൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ജീവനൊടുക്കിയ അഞ്ജുവിൽ നിന്ന് 20 ലക്ഷം രൂപയാണ് സിന്ധു കൈക്കലാക്കിയത്. 50 പവൻ സ്വർണം ജീവനൊടുക്കാൻ ശ്രമിച്ച ഐശ്വര്യ എന്ന യുവതിയിൽ നിന്നും വാങ്ങിയിരുന്നു. സിന്ധുവിന്റെ മകൻ രാഷ്ട്രപതിയുടെ പൈലറ്റും ഭർത്താവ് വിരമിച്ച ആർമി ഉദ്യോഗസ്ഥനുമാണ്. വെങ്ങാനൂർ അമരവിളയിലുളള സൂര്യാ ഫിനാൻസിലെ ജീവനക്കാരാണ് മരിച്ച അഞ്ജുവും ചികിത്സയിൽ കഴിയുന്ന ഐശ്വര്യയും.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചു. കൂടുതൽ പേർ പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അഞ്ജുവിൽ നിന്ന് 20 പവൻ തട്ടിയെടുത്ത സിന്ധു അത് മറ്റൊരു സ്വർണ പണയ സ്ഥാപനത്തിലേക്ക് മറിച്ചുവിറ്റ് പ്രതി അമേരിക്കയിലേക്ക് കടന്നുകളയുകയായിരുന്നു. നാലുമാസം മുൻപാണ് പ്രതി തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *