എടച്ചേരി ബൈക്ക് യാത്രികനിൽ നിന്ന് 9 ലക്ഷം രൂപ കവർന്ന കേസ്: മുഖ്യപ്രതിയെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു

നാദാപുരം: എടച്ചേരി ആലിശേരി പള്ളിക്ക് സമീപം ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഒമ്പത് ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കണ്ണൂർ കണ്ണവം സ്വദേശി ചന്ദ്രഗംഗയിൽ അശ്വിൻ (29) ആണ് എടച്ചേരി പോലീസിന്റെ പിടിയിലായത്. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ അശ്വിനെന്ന് പോലീസ് വ്യക്തമാക്കി.

ജനുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര നടക്കുതാഴെ സ്വദേശി കൊയിലോത്ത് താഴെകുനി ഇബ്രാഹിമിനെ കാറിലെത്തിയ സംഘം ആലിശേരി പുത്തൻ പള്ളിക്ക് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. എടച്ചേരിയിൽനിന്നും ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇബ്രാഹിമിനെ സംഘം തടഞ്ഞു നിർത്തുകയും ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി പണം തട്ടിയെടുക്കുകയുമായിരുന്നു. പണം കൈക്കലാക്കിയ ശേഷം ഇബ്രാഹിമിനെ പ്രതികൾ വഴിയിൽ തള്ളി.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എടച്ചേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ കൂടി ഇനി പിടിയിലാവാനുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *