തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടി കടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റതിൽ ഗുരുതര ആരോപണവുമായി കുടുംബം. പട്ടം സെന്റ് മേരീസ് സ്കൂളിലെ ആറ് അധ്യാപകർ ചേർന്ന് വിദ്യാർത്ഥിയെ ഓടിച്ചതാണെന്ന് വിദ്യാർഥിയുടെ അമ്മ പറഞ്ഞു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയെ സഹായിക്കുന്നതിന് പകരം അധ്യാപിക ഏറെ നേരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. പട്ടം സെന്റ്മേരീസ് സ്കൂളിൽ നിന്ന് എൽഐസി റോഡിലേക്ക് വരുന്ന വഴി വിദ്യാർത്ഥികൾ കൂട്ടം കൂടിനിന്നിരുന്നു. ഇതറിഞ്ഞാണ് സ്കൂളിലെ ആറ് അധ്യാപകർ ആവിടേക്ക് എത്തിയതെന്നാണ് വിവരം. സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞാണ് അവിടെ വന്നതെന്നാണ് അധ്യാപകർ നൽകുന്ന വിശദീകരണം. അധ്യാപകർ വന്നതിന് പിന്നാലെ കുട്ടികൾ അവിടെ നിന്ന് ഒടുകയായിരുന്നു. അധ്യാപകർ ഇവരെ ഓടിച്ചുവിട്ടെന്നാണ് പരിക്കേറ്റ കുട്ടിയുടെ മാതാവ് പറയുന്നത്. ഓടിയതിന് പിന്നാലെ കുട്ടി തൊട്ടടുത്തുള്ള ഒരു ഗേറ്റിൽ ചാടിക്കയറാൻ ശ്രമിച്ചു. തുടർന്ന് ഗേറ്റിലെ മൂന്ന് കമ്പികൾ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു.

എന്നാൽ കുട്ടിയുടെ പിന്നാലെ വന്ന അധ്യാപിക ഇത് കണ്ടിട്ടും കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ഫോണിൽ ദൃശ്യം ചിത്രീകരിച്ചുവെന്ന ഗുരുതര ആരോപണമാണ് കുട്ടിയുടെ മാതാവ് ഉന്നയിക്കുന്നത്. ഏകദേശം 12 മിനിറ്റോളം കുട്ടിയെ സഹായിക്കാതെ ഇവർ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ സമയം കുട്ടിയുടെ ശരീരത്തിൽ നിന്ന് ചോര വാർന്നൊഴുകുന്ന നിലയിലായിരുന്നു. കുട്ടിയുടെ ബാഗ് പോലും കയ്യിൽ നിന്ന് വാങ്ങാൻ ഇവർ തയ്യാറായില്ലെന്നുമാണ് ആരോപണം. തൊട്ടടുത്ത വുമൺസ് കൊളേജിലെ പ്രൊഫസറാണ് ഒടുവിൽ ഫയർ ഫൊഴ്സിനെ വിളിച്ച് കുട്ടിയെ രക്ഷിക്കാനുള്ള നടപടി സ്വീകരിച്ചതെന്നാണ് വിവരം. ഫയർഫോഴ്സെത്തി മൂന്ന് കമ്പികളും മുറിച്ചുമാറ്റി ശ്രമകരമായാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് യാതൊരു സംഘർഷവുമുണ്ടായിരുന്നില്ലെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരിക്കുന്നത്. സംഭവം കണ്ട മറ്റ് അധ്യാപകരും വിഷയത്തിൽ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ചികിത്സയിലുള്ള കുട്ടിയെ ഒരു തവണ സ്കൂൾ പ്രിൻസിപ്പാൾ വന്നു കണ്ടതല്ലാതെ ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്ന ആരോപണവും കുടുംബമുയർത്തുന്നുണ്ട്. ശസ്ത്രക്രിയയ്ക്കടക്കം വിധേയനായ കുട്ടിയുടെ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്.
