പന്തിരിക്കരയിൽ വൻ കുഴൽപ്പണ വേട്ട: 20 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി പിടിയിൽ

പന്തിരിക്കര: ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന 20 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണവുമായി കൊടുവള്ളി സ്വദേശിയെ പെരുവണ്ണാമൂഴി പോലീസ് പിടികൂടി. കൊടുവള്ളി ഉള്ളിയാടൻ കുന്നുമ്മൽ മുഹമ്മദ് സാബിത് (27) ആണ് അറസ്റ്റിലായത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ പന്തിരിക്കര മഹിമ പാലത്തിന് സമീപത്ത് വെച്ചായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.

ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന്റെ ഡിക്കിയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെടുത്തത്. കൊടുവള്ളിയിൽ നിന്നും കല്ലാച്ചിയിലെ ഒരു ഏജന്റിന് വിതരണം ചെയ്യാനായി കൊണ്ടുപോവുകയായിരുന്ന പണമാണിതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇയാൾ നിരന്തരമായി കുഴൽപ്പണ വിതരണം നടത്തിവരുന്നതായാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുവണ്ണാമൂഴി എസ്.ഐമാരായ കെ. മുനീർ, എൻ.കെ. ദിനേശ്, എസ്.സി.പി.ഒമാരായ എം.പി. അനൂപ്, സിഞ്ചുദാസ്, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സി.എം. സുനിൽകുമാർ, സി.പി.ഒമാരായ ഡി.ബി. ലിധിൻ, മിഥുൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ലഹരി-സ്വർണ്ണക്കടത്ത് ശൃംഖലകളെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *