കോഴിക്കോട്ട് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന ഒഡീഷ സ്വദേശി പിടിയിൽ; രാമനാട്ടുകരയിൽ നിന്ന് പിടികൂടിയത് 11 കിലോ കഞ്ചാവ്

കോഴിക്കോട് : രാമനാട്ടുകര, ഹൈലൈറ്റ് മാൾ, മാങ്കാവ് ഭാഗങ്ങളിൽ കഞ്ചാവ് മൊത്തവിൽപന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പിടിയിൽ. 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പ്രസൽ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള എസിപി സ്ക്വാഡും, ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഭുവനേശ്വറിൽനിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് കൊമ്മേരി ഭാഗത്ത് വാടകയ്ക്ക് താമസിച്ച് കോഴിക്കോട് നഗരത്തിലും ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലുമായി ചില്ലറ വിൽപന നടത്തി വരികയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ വഴി ലഹരിവസ്തുക്കൾ നഗരത്തിലേക്ക് എത്തുന്നതായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കർശന പരിശോധനകളും അന്വേഷണങ്ങളും നടത്തി വരികയായിരുന്നു.

പെയിന്റിങ് തൊഴിലാളിയായ പ്രതി ഇടയ്ക്കിടെ നാട്ടിൽ പോയി വരാറുണ്ടെന്നും, പൊലീസ് പരിശോധന ഒഴിവാക്കുന്നതിനായി പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസിൽ രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് കഞ്ചാവ് എത്തിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശേഷം ആവശ്യക്കാർക്ക് ചില്ലറ വിൽപന നടത്തുകയായിരുന്നെന്നും കണ്ടെത്തി. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് രാമനാട്ടുകരയിൽ ബസിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് പരിശോധിച്ചതിൽ 11 കിലോ കഞ്ചാവ് പായ്ക്ക് ചെയ്ത് സൂക്ഷിച്ച നിലയിൽ കണ്ടെത്തി.

പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെയും പൊലീസ് നിരീക്ഷണത്തിലാക്കിയതായും അവരെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ. മിഥുൻ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിപിഒമാരായ പ്രേംജിത്ത്, സുമേഷ്, സിപിഒമാരായ ആഷിദ്, യശ്വന്ത്, സൈബർ സെല്ലിലെ സിപിഒ ലിനിത്ത് എന്നിവരും ഫറോക്ക് ക്രൈം സ്ക്വാഡിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ, സീനിയർ സിപിഒമാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സിപിഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും ഉൾപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *