നരിക്കുനിയിൽ വീട്ടിൽ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണി; യുവാവിന് മർദനം

നരിക്കുനി: നരിക്കുനിയിൽ വീട്ടിൽക്കയറി തോക്ക് ചൂണ്ടി മർദിച്ചതായി പരാതി. പന്നിക്കോട്ടൂർ ചെങ്ങാങ്കര റഹീസി(38)ന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ആക്ടിവ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ റഹീസിനുനേരെ തോക്ക് ചൂണ്ടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീട്ടുകാർ ബഹളംവെച്ചത് കേട്ട് സമീപവാസികൾ ഓടിവരുന്നതുകണ്ട് ഇവർ സ്ഥലം വിട്ടു.

വിവാഹമോചിതനായ റഹീസിൻ്റെ സഹോദരൻ റമീസും ഭാര്യവീട്ടുകാരുമായി കേസുകൾ നിലനിൽക്കുന്നുണ്ട്. ഭാര്യവീട്ടുകാർക്കെതിരേ കോടതിയിൽ നടക്കുന്ന കേസുകളിൽ ഒത്തുതീർപ്പിന് തയ്യാറാവണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും റമീസ് തയ്യാറായിരുന്നില്ല. ഇതിനു തടസ്സം നിൽക്കുന്നത് റഹീസാണെന്നാരോപിച്ചാണ് വീട്ടിലേക്ക് ക്വട്ടേഷൻ സംഘത്തെ അയച്ചതെന്നാണ് റഹീസ് പറയുന്നത്.

കഴിഞ്ഞ ഏതാനും ദിവസമായി റഹീസിനെ സംഘം ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്നിരുന്നതായും പറയുന്നു. വീട്ടിലെത്തിയ മൂന്നുപേരും 30 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്നും ഇവരെ മുൻപരിചയം ഇല്ലെന്നും റഹീസ് പറഞ്ഞു. റമീസിൻ്റെ മുൻ ഭാര്യയുടെ വീട് ഓമശ്ശേരിക്ക് സമീപം പൂളപൊയിൽ എന്ന സ്ഥലത്താണ്. ഇവർ അയച്ചിട്ടാണ് തങ്ങൾ എത്തിയതെന്ന് സംഘം പറഞ്ഞിരുന്നു. റഫീസിൻ്റെ വീടിനു പിന്നിലായാണ് സഹോദരൻ റമീസ് താമസിക്കുന്നത്. റമീസ് ആശുപത്രിയിൽ ചികിത്സ തേടി. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *