തിരുവനന്തപുരം: ഹാഫ് മന്തിക്ക് വീണ്ടും ചോറ് ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ നാല് കൗമാരക്കാരെ ഹോട്ടൽ ജീവനക്കാർ ക്രൂരമായി മർദിച്ചു. തിരുവനന്തപുരം ആക്കുളത്താണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പാച്ചല്ലൂർ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവരെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും ചോറ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ജീവനക്കാർ ചോറ് നൽകാൻ വിസമ്മതിച്ചതോടെ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ജീവനക്കാർ കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കടയുടമ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
