വിയറ്റ്നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം : വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ 9ന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ ആറരയ്ക്ക് മുംബൈയിൽ നിന്നുളള എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി എന്നിവരടക്കം 15 പേരാണ് വിയറ്റ്നാമിൽ അപകടത്തിൽ മരിച്ചത്. 15 പേരുടെയും മൃതദേഹങ്ങൾ രാത്രി 10 ന് മുംബൈയിലെത്തിക്കും. അവിടെ നിന്നാകും മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുക.

അപകടത്തിൽ 2 മലയാളികൾക്കും 10 തമിഴ്നാട് സ്വദേശികൾക്കും 3 ആന്ധ്രപ്രദേശ് സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്. 32 ഇന്ത്യക്കാരും 4 ജീവനക്കാരുമായി പോയ സ്പീഡ് ബോട്ട് ഫൂക്വോക് ദ്വീപിന് സമീപം മുങ്ങുകയായിരുന്നു. മുംബൈയിൽ നോർക്ക അധിക‍ൃതരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തി. തമിഴ്നാട് സ്വദേശികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ സേലം ഡി ഐ ജി മുംബൈയിലെത്തി. അതേസമയം അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് അറസ്റ്റ് ചെയ്തു.

വിയറ്റ്നാമിലെ ഫൂക്വോക്ക് ദ്വീപിന് സമീപമുള്ള ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് 400 മീറ്റർ പിന്നിട്ടപ്പോൾ ശക്തമായ കാറ്റിലും പ്രക്ഷുബ്ധമായ കടൽക്ഷോഭത്തിലും പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *