കൽപ്പറ്റ: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പോലീസിനു പിന്നാലെ എക്‌സൈസ് നടത്തിയ പരിശോധനയിൽ വൻ മദ്യശേഖരം കണ്ടെത്തി. 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് വീടിനുള്ളിൽ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വയനാട്ടിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രാവിലെ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയ്ക്കിടെ വീട്ടിൽ വൻതോതിൽ മദ്യം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തി മദ്യം കസ്റ്റഡിയിലെടുത്തത്.

അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിന്റെ അന്വേഷണ ഭാഗമായാണ് പോലീസ് ആന്റോ അഗസ്റ്റിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയത്. ഇതിന് പിന്നാലെയാണ് മദ്യശേഖരം പിടികൂടിയ സംഭവത്തിൽ എക്‌സൈസും നടപടി ശക്തമാക്കിയത്.
