വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് പിടികൂടി. കർണാടക സ്വദേശികളാണ് പിടിയിലായത്. കർണാടകത്തിലെ സത്യമംഗലം കാട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് പിടികൂടി. വെള്ളറട പൊലീസ് ആണ് കർണാടകത്തിലെ സത്യമംഗലം കാട്ടിൽനിന്ന് പ്രതികളെ വലയിലാക്കിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കർണാടക സ്വദേശികളായ മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിൻറെ പിടിയിലായത്. ഇവർ കർണാടക അതിർത്തിയിൽ കവർച്ച, മോഷണം, ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് ഗുണ്ടാ നേതാക്കൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. രണ്ട് വാഹനങ്ങളിലായെത്തിയ ആക്രമി സംഘം ശ്യാമിനെ ആക്രമിച്ച ശേഷം ആക്രമികളിൽ ആദ്യ മൂന്നംഗ സംഘം തങ്ങളുടെ വാഹനത്തിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നു. എന്നാൽ ഷാമിനെ ബലമായി കയറ്റിയ രണ്ടാമത്തെ വാഹനം വഴി തെറ്റി ചെമ്പൂർ ഭാഗത്തേക്ക് പോയതാണ് പൊലീസിന് സഹായകരമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട, ആര്യങ്കോട് പൊലീസ് സംഘവും നാട്ടുകാരും ചേർന്ന് ഈ വാഹനത്തെ ചെമ്പൂരിൽ വെച്ച് തടയുകയും വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
