തിരുവനന്തപുരം: അമ്പൂരി ജംഗ്ഷന് സമീപത്ത് വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതർ പൂട്ടി. ഡോക്ടറും നഴ്സുമടക്കം ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന ഇവിടെ പരിശോധനയിൽ അലോപ്പതി ഡോക്ടർക്ക് പകരം ഹോമിയോ ഡോക്ടറുടെ സേവനമാണ് കണ്ടത്. ആശുപത്രി നടത്തിപ്പുകാരനും അലോപ്പതി ലൈസൻസില്ലാത്ത വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ഹെൽത് വിഭാഗം നടപടിയെടുത്തത്. കൂടാതെ പഞ്ചായത്തിൽ നിന്നുള്ള അനുമതിയോ ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനമോ ഇവിടെയില്ല. ലാബിൽ നിലവാരമുള്ള ടെസ്റ്റിംഗ് സാധനങ്ങളുമില്ലായിരുന്നു.

വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ഈ ആശുപത്രിയിൽ കാലാകാലങ്ങളിൽ വ്യാജ ഡോക്ടറാണ് പ്രവർത്തിച്ചിരുന്നതെന്ന് ഹെൽത്ത് അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു മിന്നൽ പരിശോധന. രാത്രികാലങ്ങളിലടക്കം അടിയന്തര ചികിത്സയും കുത്തിവയ്പ്പുകളുമുൾപ്പടെ നൽകിയത് ഹോമിയോ – ആയുർവേദ ഡോക്ടറായിരുന്നെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. അമ്പൂരി പഞ്ചായത്തിൻറെയും ഹെൽത്തിൻറെയും സംയുക്തമായിട്ടുള്ള പരിശോധനയിൽ ക്രമക്കേടുകളും കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും വിവരം കൈമാറിയെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
