മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ നാട്ടുപഞ്ചായത്ത്; പ്രതിക്ക് 1 ലക്ഷം പിഴ, ഗ്രാമത്തിൽ സദ്യ നടത്താനും ഉത്തരവ്; ഒടുവിൽ പോലീസ് ഇടപെടൽ

റാഞ്ചി: മൂന്നുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവം പിഴയിട്ടും ​ഗ്രാമത്തിൽ സദ്യ നടത്താൻ ഉത്തരവിട്ടും ഒതുക്കിതീർത്ത് നാട്ടുപഞ്ചായത്ത്. ജാർഖണ്ഡിലെ ​ഗുംല ജില്ലയിലാണ് പെൺകുട്ടിയെ ബലാത്സം​ഗംചെയ്ത സംഭവം പിഴ അടയ്ക്കാൻ ഉത്തരവിട്ട് ഒതുക്കിയത്. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

ജൂലായ് 11-നാണ് ​ഗുംലയിലെ ​ഗ്രാമത്തിൽ മൂന്നുവയസ്സുകാരി ബലാത്സം​ഗത്തിനിരയായത്. തുടർന്ന് കുട്ടിയുടെ അമ്മയാണ് പരാതി അറിയിച്ചത്. എന്നാൽ, സംഭവത്തിൽ പ്രതി പിഴ അടച്ചാൽ മതിയെന്നായിരുന്നു നാട്ടുപഞ്ചായത്തിന്റെ ഉത്തരവ്. കുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവെയ്ക്കാതെയാണ് പിഴ നൽകി പ്രതിക്ക് രക്ഷപ്പെടാൻ നാട്ടുപഞ്ചായത്ത് അവസരം നൽകിയത്.

ആകെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ഇതിൽ 20,000 രൂപ ഇപ്പോൾ തന്നെ നൽകണമെന്നുമായിരുന്നു നാട്ടുപഞ്ചായത്തിന്റെ നിർദേശം. ഈ 20,000 രൂപ ഉപയോ​ഗിച്ച് ​ഗ്രാമത്തിൽ സ​ദ്യ നടത്താനും ബാക്കി തുക കുട്ടിയുടെ കുടുംബത്തിന് നേരിട്ട് കൈമാറാനും നാട്ടുപഞ്ചായത്ത് ഉത്തരവിട്ടിരുന്നു. എന്നാൽ, സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ​ഗ്രാമത്തിലെത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തുമെന്നും സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചവർക്കെതിരേയും അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *