കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജതമാക്കാനും വാഹനങ്ങൾ കണ്ടെടുക്കാനുമാണ് നീക്കം.ഭൂട്ടാനിൽ നിന്ന് കടത്തിയ നാല് വാഹനങ്ങൾ കൂടി ദുൽഖറിന്റെ പക്കലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നേരത്തെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ രണ്ടുദിവസം മുമ്പ് കസ്റ്റംസ് സംഘം ദുൽഖറിനെ ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളമാണ് നീണ്ടത്. നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണ് താൻ വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ദുൽഖർ കസ്റ്റംസിന് നൽകിയ മൊഴി. വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമില്ല. കൈവശമുള്ള വാഹനങ്ങൾക്ക് കൃത്യമായ രേഖകൾ ഉണ്ടെന്നും ദുൽഖർ നൽകിയ മൊഴിയിലുണ്ട്.

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുൽഖറിന്റെ നിസ്സാൻ പട്രോൾ, ഡിഫൻഡർ, ലാൻഡ് ക്രൂയിസർ വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് നിസ്സാൻ പട്രോൾ പിടിച്ചെടുത്തത്. ലക്കി ഭാസ്‌കർ എന്ന ചിത്രത്തിൽ ഉപയോഗിച്ച വാഹനമായിരുന്നു ഇത്.
ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുൽഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ കഴിയുമെന്നും വാഹനം വിട്ടുനൽകുന്നില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരി ഉൾപ്പെടെ നാലു പേരെയും കൊച്ചി കസ്റ്റംസ്, ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ഓപ്പറേഷൻ നുംഖോറിന് തുടക്കം കുറിച്ചത്. ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര കാറുകളും മറ്റും അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നടത്തി വിൽക്കുന്നതാണ് കസ്റ്റംസ് അന്വേഷിച്ചത്.
