കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഒരു മാസം മുൻപ് നടന്ന ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നിൽ വൻ തട്ടിപ്പെന്ന് സംശയം. ജൂൺ ഒന്നിന് നടന്ന ഉദ്ഘാടനത്തിന് പിന്നാലെ ആർട് ഗ്യാലറിയിലെ മിക്ക വസ്തുക്കളും കാണാനില്ല. തെയ്യത്തിന്റെ രൂപം മാത്രമാണ് ബാക്കിയുള്ളത്. ഗവർണർ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ നിലയിലാണ്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആർട്ട് ഗ്യാലറിയിലെ വസ്തുക്കൾ കാണാതായിരിക്കുന്നത്. കൈത്തറി മ്യൂസിയത്തിലും അവസ്ഥ വ്യത്യസ്തമല്ല. ഫോക്ലോർ അക്കാദമിയുമായി സഹകരിച്ചായിരുന്നു ആർട്ട് ഗ്യാലറി നിർമ്മിച്ചത്. താവക്കര ക്യാമ്പസിൽ ഗുണ്ടർട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായാണോ ആർട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിർമ്മിച്ചതെന്ന സംശയമാണുയരുന്നത്.
എന്നാൽ നവീകരണം നടക്കുകയാണെന്ന് സംഭവത്തിൽ അധികൃതരുടെ വിശദീകരണം. ജൂൺ ആദ്യം ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലും ഗ്യാലറിയിലും എന്ത് നവീകരണമാണ് ഈ ഒരുമാസത്തിനപ്പുറം നടക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
