കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി; വീട്ടിലെത്തിയ പോലീസിന് കണ്ടത് ജീവന്റെ തുടിപ്പ്; യുവതിക്ക് രക്ഷകരായി പോലീസ്

കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഭർത്താവിന്റെ മൊഴിക്ക് പിന്നാലെ പാഞ്ഞെത്തിയ പോലീസ് സംഘം യുവതിയുടെ ജീവൻ രക്ഷിച്ചു. കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. വെള്ളയിൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സക്കീറാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് സ്റ്റേഷനിൽ ഹാജരായത്. എന്നാൽ പോലീസ് വീട്ടിലെത്തി നടത്തിയ കൃത്യമായ ഇടപെടലിൽ അബോധാവസ്ഥയിലായിരുന്ന ഭാര്യയുടെ ജീവൻ തിരിച്ചുപിടിക്കാനായി.

കുടുംബവഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സക്കീർ ഭാര്യയുടെ കഴുത്തുഞെരിച്ചത്. കഴുത്ത് ഞെരിഞ്ഞതോടെ യുവതി ബോധരഹിതയായി നിലത്തു വീഴുകയായിരുന്നു. ഭാര്യ മരിച്ചെന്ന് ഉറപ്പിച്ച സക്കീർ ഭയന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക് വരികയും താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തുകയുമായിരുന്നു. സക്കീറിനെ ഉടൻ തന്നെ സ്റ്റേഷനിൽ തടഞ്ഞുവെച്ച പോലീസ് സംഘം ഒട്ടും സമയം കളയാതെ വെള്ളയിലുള്ള ഇയാളുടെ വീട്ടിലേക്ക് തിരിച്ചു.

ഉടൻ തന്നെ പോലീസ് വാഹനത്തിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയായിരുന്നു. യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ യുവതി അപകടാവസ്ഥ തരണം ചെയ്തു. സംഭവത്തിൽ സക്കീറിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *