കയ്പമംഗലം അപകടം: സുരക്ഷാ വീഴ്ചയും ലഹരി ഉപയോഗവും കാരണം; ദേശീയപാത 66-ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന

തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്, മോട്ടർ വാഹന വകുപ്പ്, പിഡബ്ല്യുഡി, എൻഎച്ച്എഐ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാനുള്ള ഭാഗങ്ങളിൽ ഗതാഗതം വഴി തിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങൾ കൃത്യമാക്കുകയാണ് ലക്ഷ്യം. ഇതുവരെയുള്ള നിർമാണ പ്രവർത്തനങ്ങളിലെ അപകട സാധ്യതകളും വിലയിരുത്തും. ബുധനാഴ്ച സംഘം കലക്ടർക്ക് റിപ്പോർട്ട് നൽകും.

കയ്പമംഗലത്ത് മതിയായ ദിശാസൂചിക സ്ഥാപിക്കാത്തതിന് പുറമേ അരക്കിലോമീറ്റർ മുൻപെങ്കിലും വേഗം കുറയ്ക്കാനുള്ള മുന്നറിയിപ്പ് നൽകുക എന്ന പ്രാഥമിക സുരക്ഷാ സംവിധാനം പാലിച്ചിട്ടില്ലെന്ന് വ്യക്തമായി. റോഡിൽ അറ്റകുറ്റപ്പണി നടക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട കാര്യമാണിത്. സാധാരണയായി വലിയ റിഫ്ലക്ടറുകൾ വച്ച് വഴി തിരിച്ചുവിടുന്ന ദിശാസൂചിക അടയാളപ്പെടുത്താറുണ്ടെങ്കിൽ ഇവിടെ ചെറിയ റിഫ്ലക്ടർ സ്റ്റിക്കറുകൾ ആണ് ഉപയോഗിച്ചത്. അതാകട്ടെ ലോറി പാർക്ക് ചെയ്തതോടെ മറയുകയും ചെയ്തു.

കുറഞ്ഞത് 200 മീറ്റർ മുൻപെങ്കിലും വഴി തിരിച്ചുവിടുന്ന അടയാളം ഡ്രൈവർക്ക് കാണാൻ കഴിയണം. എങ്കിൽ മാത്രമേ വേഗം നിയന്ത്രിച്ച് വാഹനം ഇടതുവശത്തേക്ക് തിരിക്കാൻ കഴിയൂ. നിർമാണ പ്രവ‍ൃത്തികൾക്കായി റോഡ് അടച്ച് ഗതാഗതം തിരിച്ചുവിടുമ്പോൾ അവിടെ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടാൻ പ്രത്യേകം തൊഴിലാളികളെ നിയോഗിക്കണമെന്ന വ്യവസ്ഥയും കരാറുകാർ പാലിച്ചിട്ടില്ല.

ദേശീയപാത 66–ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും അപകടകാരണമായെന്നു സൂചന. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഫൊറൻസിക് പരിശോധനയിലാണ് വിദ്യാർഥികൾ മദ്യപിച്ചിരുന്നു എന്നു പ്രാഥമികമായി കണ്ടെത്തിയത്. വിദ്യാർഥികളിൽ ഒരാളായിരുന്നു ഡ്രൈവർ. വിശദ പരിശോധനയ്ക്കായി രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു. രാസലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരിശോധനകളും നടത്തുന്നുണ്ട്.

ഫൊറൻസിക് പരിശോധനയിൽ അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും മദ്യപിച്ചെന്നു കണ്ടെത്തിയെന്നും എന്നാൽ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് അപകട കാരണമെന്ന് അന്തിമമായി പറയാൻ കഴിയില്ലെന്നും മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ.ടി.എസ്. ഹിതേഷ് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *