തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്. ഇയാൾ ലഹരി ഉപയോഗിക്കുന്നതിനിടയാണ് പ്രത്യേക സംഘം പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം

പരിശോധന നടത്തിയത്. പൊലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ലഹരി ഉപയോഗിക്കാനുള്ള സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ കയ്യിൽ നിന്ന് കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെടുക്കാൻ ആയിട്ടില്ലെന്നും പൊലീസ് പറയുന്നു. സനീഷിനെ കാളിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സനീഷിനൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. നിലവിൽ കോൺഗ്രസ് അംഗമാണ് സനീഷ് ജോർജ്. നേരത്തെ സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. ഇടത് പക്ഷത്തിന് പിന്തുണ കൊടുത്ത് കഴിഞ്ഞ ഭരണ സമിതിയിൽ ചെയർമാനായി. കൈക്കൂലി കേസിൽ പെട്ടപ്പോൾ രാജിവെക്കുകയായിരുന്നു.
