കോഴിക്കോട്: സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് പുരോഗമിക്കവെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ചോദ്യങ്ങളുമായി വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ. രമ. കോഴിക്കോടിന്റെ മണ്ണിൽ നടന്ന ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂര കൊലപാതകം എന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത പാർട്ടിക്കുണ്ടോ എന്ന് കെ.കെ. രമ ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

പാർട്ടി നേതൃത്വത്തിന്റെ തെറ്റുകൾ തിരുത്താനെന്ന പേരിൽ കൊട്ടിഘോഷിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരുന്നതെന്ന് കെ.കെ. രമ ആരോപിച്ചു. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ സഖാവ് വി.എസ് അടക്കമുള്ളവർ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും, തെറ്റുകൾക്കെതിരെ ചൂണ്ടിയതിനുമാണ് ടി.പിയെ സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തി വെട്ടിനുറുക്കി തീർത്തുകളഞ്ഞതെന്നും രമ കുറ്റപ്പെടുത്തി. ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമയുടെ കുറിപ്പ്.
