കാസർകോട്: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂട്യൂബറും ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയ്ക്കെതിരെ സൈബർ പോലീസ് കേസ് എടുത്തു. രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ നൂറല്ല 200 ശതമാനവും ഉറച്ചുനിൽക്കുന്നുവെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ധന്യ മാധ്യമങ്ങളോട് പറഞ്ഞു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന് ദീപ്തി കല്യാണി നൽകിയ പരാതിയിലാണ് നടപടി. ധന്യ വീഡിയോയിലൂടെ തന്നെയയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ അനാവശ്യ പരാമർശങ്ങൾ നടത്തിയെന്നാണ് മോഡലും നടിയുമായ ദീപ്തിയുടെ പരാതിയിൽ പറയുന്നത്.
എന്നാൽ ദീപ്തിക്കെതിരെ നിരവധി തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും ധന്യ വ്യക്തമാക്കി. വീഡിയോയിൽ ഉപയോഗിച്ച ഭാഷയിൽ മാത്രമാണ് പ്രശ്നമുള്ളതെന്നും ധന്യ കൂട്ടിച്ചേർത്തു. മുൻപും നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുള്ള ധന്യയ്ക്കെതിരെ അടുത്തിടെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിനും പോലീസ് കേസെടുക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
