കുളിക്കുന്നതിനിടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെയാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ നടപടി. എന്നാൽ പ്രതിക്കെതിരെ പോലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ചു യുവതി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.

ഓഗസ്റ്റ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി കുളിക്കുന്നതിനിടെ കുളിമുറിയുടെ വാതിലിന്റെ വിടവിലൂടെ നവനീത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. ബഹളം കേട്ടെത്തിയ വീട്ടുകാർ നവനീതിനെ തടഞ്ഞുവെച്ചു. ഫോൺ പരിശോധിച്ചപ്പോൾ പരാതിക്കാരിയുടെയും നാട്ടിലെ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ സ്വന്തം ഫോണിലേക്ക് ദൃശ്യങ്ങൾ മാറ്റിയ ശേഷം പ്രതിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ ഡിലീറ്റ് ചെയ്തെന്നാണ് പറയപ്പെടുന്നത്.

തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് യുവതി ആരോപിക്കുന്നു. അറസ്റ്റ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. അന്വേഷണത്തിൽ ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്തിയില്ലെന്നും കൂടുതൽ തെളിവ് ലഭിച്ചാൽ വകുപ്പുകളിൽ മാറ്റം വരുത്തുമെന്നുമാണ് പോലീസിന്റെ വാദം.
അതേസമയം, പരാതി നൽകുന്നത് തടയാൻ സി.പി.എം നേതാക്കൾ സമ്മർദം ചെലുത്തിയെന്നും താൻ നൽകിയ മൊഴിയിലെ പ്രധാന വിവരങ്ങൾ പോലീസ് രേഖപ്പെടുത്തിയില്ലെന്നും ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കേസ് ഒത്തുതീർപ്പാക്കാനും യുവാവിന് മാനസിക പ്രശ്നമാണെന്ന് വരുത്തിതീർക്കാനും ശ്രമ നടക്കുന്നതായും പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ലെന്നും യുവതി കുറ്റപ്പെടുത്തി.
