കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 489 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്‌വൻ ജില്ലയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച റാസുവ, നുവകോട്ട് എന്നീ ജില്ലകളിൽനിന്ന് ഇന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നുണ്ടെങ്കിലും വിദേശ രക്ഷാപ്രവർത്ത സംഘങ്ങളുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നേപ്പാൾ.
ഇന്ത്യ, ചൈന, യു.എസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിനായി തങ്ങളുടെ സംഘങ്ങളെ അയക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും നേപ്പാൾ ഇത് നിരസിക്കുകയായിരുന്നു.

തങ്ങളുടെ സുരക്ഷാ ഏജൻസികൾക്ക് ഈ ദൗത്യം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് നേപ്പാൾ വ്യക്തമാക്കി. 2015-ലെ ഭൂകമ്പാനന്തര അനുഭവമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് നിരവധി വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയത് ഏകോപനത്തിലും മാനേജ്മെന്റിലും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
രക്ഷാപ്രവർത്തകരെ അയക്കുന്നതിന് പകരം സാമ്പത്തിക സഹായമാണ് ആവശ്യമെന്നാണ് നേപ്പാൾ സർക്കാർ പറയുന്നത്. പുനരധിവാസ, പുനർനിർമ്മാണ ഘട്ടങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

രാജ്യത്തുണ്ടായ വിനാശകരമായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ തീരുമാനം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കും വ്യാപാരികൾക്കുമുള്ള ദുരിതാശ്വാസ പുനരധിവാസ പാക്കേജ് തയ്യാറാക്കാൻ മന്ത്രിസഭ ധനമന്ത്രാലയത്തിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ കാണാതായവരിൽ ആയിരത്തോളം പേരെ ഇനി കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ടിബറ്റ് ഭാഗത്തുള്ള ഒരു അണക്കെട്ട് തകർന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നേപ്പാൾ പോലീസ് വെള്ളിയാഴ്ച പുതിയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും കനത്ത ജാഗ്രത പാലിക്കാനും ആവശ്യമെങ്കിൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
