കുമ്പളയിൽ ഹണിട്രാപ്പ് തട്ടിപ്പ്: വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തി പണവും കാറും തട്ടി; ദമ്പതികളടക്കം 3 പേർ പിടിയിൽ

കുമ്പള: വായ്പയായി വാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച്, വ്യാപാരിയെ വീട്ടിൽ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് മുട്ടം ബങ്കരയിലെ അറുപത്തിനാലുകാരന്റെ പരാതിയിൽ ദമ്പതിമാരുൾപ്പെടെ മൂന്നുപേർക്കെതിരേ കുമ്പള പോലീസ് കേസെടുത്തു. മംഗൽപ്പാടി കുബണൂരിലെ റിസ്വാന (28), ഭർത്താവ് ഹസൻ ആസിഫ് (33), ബന്ധുവായ മൊഗ്രാൽ മുഹമ്മദ് സിറാജ് (32) എന്നിവരുടെ പേരിലാണ് കേസ്.

മുൻപ് മുട്ടത്തെ വ്യാപാരിയിൽനിന്ന്‌ റിസ്വാന 5000 രൂപ വായ്പ വാങ്ങിയിരുന്നു. വൈദ്യുതിബിൽ അടയ്ക്കാനായി പണം വേണമെന്ന് ആവശ്യപ്പെട്ട പ്രകാരമായിരുന്നു യുവതിക്ക് പണം നൽകിയത്. ഈ തുക തിരികെനൽകാമെന്ന് പറഞ്ഞ് വ്യാപാരിയെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തി. 16-ന് രാത്രി ഏഴരയോടെ സ്വന്തം കാറിൽ വീട്ടിലെത്തിയ വ്യാപാരിയെ യുവതിയുടെ ഭർത്താവും ബന്ധുവും ചേർന്ന് ബലമായി കിടപ്പുമുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. നഗ്നനാക്കിയശേഷം യുവതിയുടെ ഒപ്പം നിർത്തി ഫോട്ടോകളും വീഡിയോയും പകർത്തിയതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന 1500 രൂപയും മൊബൈൽഫോണും സംഘം തട്ടിയെടുത്തു. കാറിന്റെ താക്കോൽ കൈവശപ്പെടുത്തി. രണ്ട് എ.ടി.എം. കാർഡുകളും കാറിലുണ്ടായിരുന്ന 25,000 രൂപയും കവർന്നു. തുടർന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തി എ.ടി.എം. കാർഡുകളുടെ പിൻനമ്പർ വാങ്ങി 7,200 രൂപ പിൻവലിച്ചു. അടുത്തദിവസം വീണ്ടും കടയിലെത്തിയ ഹസൻ ആസിഫ്‌ 5000 രൂപ കൂടി പിടിച്ചുവാങ്ങി. രണ്ടുലക്ഷം രൂപകൂടി ആവശ്യപ്പെട്ട ഇയാൾ തുക തന്നില്ലെങ്കിൽ തന്റെ ഭാര്യക്കൊപ്പമുള്ള നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാണക്കേട് ഭയന്ന് ആദ്യം സംഭവം പുറത്തുപറയാതിരുന്ന അറുപത്തിനാലുകാരൻ, ശല്യംസഹിക്കവയ്യാതായപ്പോൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. കുമ്പള എസ്.ഐ. എസ്. അനൂപ്, എ.എസ്.ഐ.മാരായ അജയ്, അതുൽറാം, സിവിൽ പോലീസ് ഓഫീസർമാരായ കൃഷോഭ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *