കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിനെതിരെ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞതായും കുട്ടിയുടെ തുടർചികിത്സ നൽകുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതായും കാണിച്ച് കുടുംബം പരാതി നൽകി. മേപ്പയ്യൂർ സ്വദേശികളായ രാഹുൽ-രാഖി ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്.
ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതായി അറിയിക്കുകയും തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഓർത്തോ വിഭാഗം ഡോക്ടർ എത്തി കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റർ ഇടുകയും ബാൻഡേജ് ചുറ്റുകയും ചെയ്തു.
എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഡോക്ടർമാർ ആരും പിന്നീട് കുഞ്ഞിനെ പരിശോധിക്കാൻ എത്തിയില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. അതേസമയം, കുഞ്ഞിന്റെ ചികിത്സയിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകുന്ന വിശദീകരണം.
