കോഴിക്കോട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദ് – ഷംനത്ത് ദമ്പതികളുടെ മകൻ മാസിൻ നൗഷാദ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു. കളിത്തിരക്കിനിടെ മുറ്റത്തേക്കിറങ്ങിയ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

മിൻഹാദ് (പത്താം ക്ലാസ് വിദ്യാർത്ഥി, തിരുവങ്ങൂർ എച്ച്.എസ്.എസ്), മെഹറിൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥിനി, കാപ്പാട് അലിഫ് സ്‌കൂൾ) എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *