തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിനെ സഹായിക്കാനാണ് 10 ചോദ്യങ്ങൾ റദ്ദാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ സാഹചര്യത്തിൽ ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ പി.എസ്.സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ആസൂത്രണ ബോർഡ് പരീക്ഷയിൽ ഉയർന്ന മാർക്കുള്ള 10 ചോദ്യങ്ങൾ (58 മാർക്ക്) ഒഴിവാക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥി തെറ്റിച്ചതും എഴുതാതിരുന്നതുമായ ചോദ്യങ്ങളാണ് മനഃപൂർവ്വം ഒഴിവാക്കി നൽകിയതെന്ന് എസ്.ഐ.ടി കണ്ടെത്തി. റദ്ദാക്കിയ 10 ചോദ്യങ്ങളിൽ ആറെണ്ണം ഇയാൾ തെറ്റായി എഴുതിയതും നാലെണ്ണം ഉത്തരം എഴുതാതിരുന്നതുമായിരുന്നു.
സംഭവത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവിൽ കെ.എ.എസ് (KAS) ഉൾപ്പെടെ 90-ഓളം പരീക്ഷകൾ സംബന്ധിച്ച പരാതികൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ തീരുമാനിച്ചു.
അതേസമയം, പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുക്കാൻ തക്കവണ്ണമുള്ള തെളിവുകളില്ലെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ച് വരുന്ന ദിവസങ്ങളിൽ വിശദമായ അന്വേഷണം നടക്കും.
