പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: പെൺസുഹൃത്തിനോട് സംസാരിച്ചുനിന്ന യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്‌നേഷിനെയാണ് (27) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിലിന് (35) ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയം കോണത്ത് ജങ്‌ഷനു സമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ വരുമ്പോൾ തന്റെ പെൺസുഹൃത്തിനോട് വിനിൽ സംസാരിച്ചു നിൽക്കുന്നത് കണ്ട വിഘ്‌നേഷ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ വിനിലിനെ തള്ളിത്താഴെയിട്ട് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

നെഞ്ചിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന വിനിലിനെ നാട്ടുകാർ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അക്രമത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ വീടിനു സമീപത്തുനിന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ വിഘ്‌നേഷിനെ റിമാൻഡ് ചെയ്തു. ഏരൂർ എസ്.എച്ച്.ഒ. അജീഷ് വി.എസ്., സബ് ഇൻസ്പെക്ടർമാരായ പ്രിയ പി.എം., മുഹമ്മദ് നിയാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *