അഭയം തേടിവന്നു, പ്രസവശേഷം കുഞ്ഞിനെ ആവശ്യപ്പെട്ടു; 22-കാരി കുടുങ്ങിയത് മാഫിയക്കെണിയിൽ

അഭയം തേടിവന്നു, പ്രസവശേഷം കുഞ്ഞിനെ ആവശ്യപ്പെട്ടു; 22-കാരി കുടുങ്ങിയത് മാഫിയക്കെണിയിൽ
അറസ്റ്റിലായ അർജുൻ, രാജ/ യുവതി ഗാന്ധിനഗർ സാന്ത്വനം അഭയകേന്ദ്രം ഡയറക്ടർ ആനിബാബുവിനോട് സംസാരിക്കുന്നു
കോട്ടയം: ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി കേരളത്തിലെത്തിയത് പ്രസവംവരെ കഴിയാനും കുഞ്ഞിനെ സംരക്ഷിക്കാനും ഒരിടംതേടി. എന്നാൽ, ചെന്നുപെട്ടത് നവജാതശിശുക്കളെ വിൽക്കുന്ന മാഫിയയുടെ ചതിക്കുഴിയിൽ. ഗർഭച്ഛിദ്രത്തിന് ഭർത്താവിന്റെ നിരന്തര സമ്മർദത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാകാതെയാണ് നാടുവിട്ടത്. ഒന്നരവയസ്സുള്ള പെൺകുട്ടിയുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതോടെയാണ് ഭർത്താവും വീട്ടുകാരും എതിരായത്.

വീടു വിട്ടിറങ്ങിയശേഷം ഡൽഹിൽവെച്ചാണ് സന്നദ്ധസംഘടനയെന്നു കരുതി ‘ആർഷിഫ് കെയർ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഒരു സംഘവുമായി പരിചയപ്പെട്ടത്. പ്രസവച്ചെലവും താമസവും സൗജന്യമായി നൽകാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് കേരളത്തിലേക്കു വന്നത്. ജൂലായ് 16 -ന് കോട്ടയത്തെത്തി.

ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ്‌ പഠിക്കുന്ന അർജുൻ, ഹർഷിത എന്നിവർ ചേർന്ന് യുവതിയെ പാലായ്ക്കടുത്ത് തീക്കോയിയിലെ റബ്ബർത്തോട്ടത്തിന് നടുവിലുള്ള വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. കോയമ്പത്തൂർ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ്‌സ് അനിത, ഭർത്താവ് രാജ(കാർത്തിക്) എന്നിവരുടെ ഗസ്റ്റ് ഹൗസായിരുന്നു അത്.

പ്രസവശേഷം കുഞ്ഞിനെ മൂന്നുലക്ഷംരൂപയ്ക്ക് നൽകണമെന്ന ആവശ്യം സംഘം ഉന്നയിച്ചപ്പോഴാണ് ചതിയിൽപ്പെട്ടെന്ന് മനസ്സിലാക്കിയത്. കുഞ്ഞിനെ തരില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും വാശിപിടിച്ചതോടെ ഫോണും തിരിച്ചറിയൽരേഖകളും പിടിച്ചുവെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുംചെയ്തു.

തന്നെയും വിൽക്കാൻ സംഘം പദ്ധതിയിട്ടതായി മനസ്സിലാക്കിയതോടെ സാഹസികമായി രക്ഷപ്പെട്ടു. വഴിയിൽ പരിചയപ്പെട്ട അങ്കണവാടി അധ്യാപികയുടെ സഹായത്തോടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ അഭയംതേടി വിവരം അറിയിച്ചു. യുവതിയെ പിന്നീട് കോട്ടയം ഗാന്ധിനഗറിലെ ‘സാന്ത്വനം’ അഭയകേന്ദ്രത്തിലാക്കി.

രണ്ടുപേർ അറസ്റ്റിൽ

യുവതിയുടെ പരാതിയിൽ കോട്ടയം ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ രാമനാഥപുരം രാംനഗറിൽ (നമ്പർ- 36), ടീച്ചേഴ്സ് കോളനിയിൽ മുപ്പിളി രാജ (27), ഇടുക്കി പുള്ളിക്കാനം പുതുക്കാട് കൂണ്ടാനിയിൽ വീട്ടിൽ കെ.എസ്. അർജുൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് നവജാതശിശുക്കളെ വിൽക്കുന്ന സംഘവുമായി ബന്ധമുണ്ടെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. വിശദാന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബുമാത്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *